കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യപ്ലാന്റ് കരാർ നേടിയ സോൺടയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. 38.85 ലക്ഷമാണ് പിഴ. ലേലത്തുകയുടെ 5 ശതമാനമാണിത്. കരാർ നീട്ടി നൽകുന്നതിലെ പ്രധാന വ്യവസ്ഥയായിരുന്നു ഇത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപ്പറേഷനെ അറിയിച്ചിരുന്നു.
സോണ്ട ഇൻഫ്രാ ടെക്കിന് ഇന്നാണ് കരാർ പുതുക്കി നൽകിയത്. 4.2 ഏക്കർ സ്ഥലത്തെ ലെഗസി വേസ്റ്റ് നീക്ക ചെയ്തതായി കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകി. നിലവിൽ 64 ശതമാനം മാലിന്യ നീക്കമാണ് പൂർത്തിയായിട്ടുള്ളത്.
ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ സോണ്ട കമ്പനിക്ക് ഉപാധികളോടെയാണ് നീട്ടി നൽകിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. 30 ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യണം. അല്ലെങ്കിൽ കൗൺസിൽ നിശ്ചയിക്കുന്ന പിഴ ഈടാക്കും. സമയബന്ധിതമായി കരാർ പൂർത്തികരിക്കാൻ കമ്പനിക്ക് കഴിയാത്തതിനെ തുടർന്ന് ഗ്രീൻ ട്രൈബ്യൂണൽ അടക്കമുള്ളവർ കോർപ്പറേഷന് പിഴ വിധിക്കുകയാണെങ്കിൽ സോണ്ട കമ്പനി ആയിരിക്കും ഇതിന് ഉത്തരവാദി. ഇത്തരം ഉപാധികളോടെയാണ് കോർപ്പറേഷൻ കരാർ നൽകിയിരിക്കുന്നത്. നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു.