ചാരുംമൂട്: യുവാവിനെ സമീപവാസിയുടെ വീടിനുള്ളിൽ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. രാമചന്ദ്രൻ നായരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു.
പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും. കൂടുതൽ അന്വേഷണത്തിലേ സംഭവം സംബന്ധിച്ച വ്യക്തയുണ്ടാവൂ എന്ന് സി.ഐ പറഞ്ഞു.