ചിന്നക്കനാൽ: അരിക്കൊന്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുന്പൻചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി പഞ്ചായത്തുകളിലാണ് ഹർത്താൽ.
അതിനിടെ, അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിലെ വാദം പൂര്‍ത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞു. പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരിക്കുകയാണ്. തീരുമാനമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ചിന്നക്കനാലിൽ കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു.
വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. വനംവകുപ്പിന്റെ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പിരിഞ്ഞു പോകാനൊരുങ്ങിയപ്പോഴേക്കും വനംവകുപ്പ് പോലീസിനെ വിവരമറിയിച്ചുവെന്നും ഇത് തങ്ങളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലാണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇവര്‍ ആരോപിച്ചു.
മിഷന് അരിക്കൊമ്പന് വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇനിയും മരണസംഖ്യ കൂടിയേക്കാമെന്നും 301 കോളനി ഒഴിപ്പിച്ചാല്‍ തീരുന്നതല്ല പ്രശ്നമെന്നുമാണ് ഇവര്‍ പറയുന്നത്.
അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് പ്രതിവിധികൾ ഇല്ലെന്നും റേഡിയോ കോളർ ശാശ്വത പരിഹാരമല്ല എന്നും ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. ജനങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോൾ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തത്കാലം റേഡിയോ കോളര്‍ ഘടിപ്പിച്ച് കൊമ്പന്റെ സഞ്ചാരപഥം കണ്ടെത്താമെന്നും അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.