പത്തനംതിട്ട: ശബരിമല ഇലവുങ്കല്‍ ബസ് അപകടത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ ബാല സുബ്രഹ്മണ്യത്തിനെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞദിവസമാണ് ഉച്ചയ്ക്ക് 1.20 ഓടെയാണ് ഇലവുങ്കലില്‍ അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്തുറയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
അതേസമയം, അപകടത്തില്‍ സാരമായി പരിക്കേറ്റ 14 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.