തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്ക് കൈമാറിയേക്കും.
തൃശൂരിൽ നടന്ന ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.
വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ.എസ്.നായരും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയത്.
സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പോലീസിൽ പരാതി നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.