ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനത്തില്‍ ഉദ്ദവ് താക്കറെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മധ്യസ്ഥശ്രമവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേനയുടെ ആശങ്ക പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. സവര്‍ക്കര്‍ വിമര്‍ശനം തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും പവാര്‍ ധരിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം ഉന്നയിച്ചത്. യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നിഹിതരായിരുന്നു. സവര്‍ക്കര്‍ ആര്.എസ്.എസ്. നേതാവായിരുന്നില്ലെന്നും പ്രതിപക്ഷ കക്ഷികളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെയാണെന്ന് പവാര്‍ ഓര്‍മിപ്പിച്ചു.
ഇക്കാര്യത്തിൽ ശിവസേനയ്ക്കുള്ള എതിർപ്പ് പരിഗണിച്ച് രാഹുൽ ഗാന്ധി ഉദ്ധവ് താക്കറയെ ഫോണിൽ വിളിച്ച് സംസാരിച്ചതായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. സവർക്കറുടെ പേരിൽ ഉടലെടുത്ത പ്രശ്നങ്ങൾ അതോടെ അടഞ്ഞ അധ്യായമായെന്നും റാവുത്ത് വിശദീകരിച്ചു.
‘‘ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഞങ്ങളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയാണ്, അല്ലാതെ സവർക്കറിന് എതിരെയല്ല. ചർച്ചയിൽ നല്ല കാര്യങ്ങളാണ് സംസാരവിഷയമായത്. ഞങ്ങളുടെ ഐക്യം അതേപടി തുടരുന്നു. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ – സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
ജനാധിപത്യം സംരക്ഷിക്കാനാണു കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് മഹാ വികാസ് അഘാഡി എന്ന രാഷ്ട്രീയ കൂട്ടുകെട്ട് രൂപീകരിച്ചതെന്ന് ഉദ്ധവ് പറഞ്ഞു. ഐക്യവും പോരാട്ടത്തിനുള്ള അവസരവും നഷ്ടപ്പെടുത്തിയാൽ ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കും 2024ൽ നടക്കുകയെന്നും രാഹുലിനെ ഓർമിപ്പിച്ചു.