തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.
സി.പി.എമ്മിന്റെ വനിതാ നേതാക്കളെല്ലാം തിന്നുകൊഴുത്ത് പൂതനയെ പോലെയായി എന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. വിഷയത്തില്‍ സി.പി.എം. നേതാക്കള്‍ കേസ് നല്കാന് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്.
പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയിന്മേൽ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈടെക് സെല്ലിന് ഡിജിപി നിർദേശം നൽകി.
ഞായറാഴ്ച തൃശൂരില്‍ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ പ്രതികരിക്കാതിരുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശിച്ചിരുന്നു. സുരേന്ദ്രനെതിരേ സി.പി.എം. നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കുമെന്നും സതീശന് പറഞ്ഞിരുന്നു.