കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സർജറി വിഭാഗം മേധാവിയായ സമിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രിൻസിപ്പാൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഭരണകക്ഷി അനുകൂല എൻ.ജി.ഒ യൂനിയൻ നേതാവാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഡോ. ജയേഷിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നല്‍കുക. അന്വേഷണം നടത്തി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിജീവിതയെ മൊഴി മാറ്റാൻ നിർബന്ധിച്ച അഞ്ച് ജീവനക്കാരെക്കുറിച്ച് സൂപ്രണ്ടിനുൾപ്പെടെ വിവരങ്ങൾ നൽകിയത് സീനിയർ നഴ്സിംഗ് ഓഫീസറായിരുന്നു. വെളളിയാഴ്ച നൽകിയ പരാതി ഇതുവരെ ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയിട്ടില്ല. പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ നഴ്സിംഗ് ഓഫീസർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും വിവരമുണ്ട്.
യുവതി പീഡനത്തിനിരയായ സംഭവത്തിൽ ആശുപത്രി അറ്റൻഡറായിരുന്ന വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ(55) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു.
ആശുപത്രിയിൽ തൈറോയ്ഡ് ചികിത്സയ്ക്കെത്തിയ 32കാരിയാണ് പീഡനത്തിനിരയായത്. മാർച്ച് 18നായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കായി നൽകിയിരുന്ന അനസ്തേഷ്യയുടെ മയക്കത്തിലിരിക്കെയാണ് ശശീന്ദ്രൻ പീഡിപ്പിച്ചത്.