കൊല്‍ക്കത്ത: ഐപിഎല്ലില്‍ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മധ്യനിരയിലെ വിശ്വസ്തനായ നീതീഷ് റാണയാണ് ശ്രേയസിന് പകരം ഇത്തവണ കൊല്‍ക്കത്തയെ നയിക്കുക.
ശ്രേയസിന്റെ അഭാവത്തില്‍ നിതീഷിനെയോ സുനില്‍ നരെയ്നയോയാണ് പകരക്കാരായി പരിഗണിച്ചത്. ഒടുവില്‍ നറുക്ക് നിതീഷിന് വീഴുകയായിരുന്നു.
“ശ്രേയസ് അയ്യരുടെ അഭാവത്തിൽ നിതീഷ് റാണയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയാണ്. പുറം വേദന കാരണം വിശ്രമിക്കുന്ന ശ്രേയസ് പരിക്കിൽ നിന്ന് മോചിതനായി വൈകാതെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക ക്രിക്കറ്റിൽ ക്യാപ്റ്റൻ ആയിട്ടുള്ള പരിചയസമ്പത്ത് നിതീഷിന് ഗുണം ചെയ്യും. 2018 മുതൽ അദ്ദേഹം കെ കെ ആറിന്റെ ഭാഗമാണ്. പരിചയസമ്പന്നനായ താരത്തിന് ടീമിനെ വിജയകരമായി നയിക്കാൻ സാധിക്കും,” കെ കെ ആർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
ഡല്‍ഹി ടീമിനെ നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ നയിച്ച പരിചയം നിതീഷിനുണ്ട്. 2018ലാണ് നിതീഷ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലെത്തുന്നത്.
ടീമിനായി 74 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 1744 റണ്‍സ് സ്വന്തമാക്കി. സ്ട്രൈക്ക് റേറ്റ് 135.61. കഴിഞ്ഞ സീസണില്‍ ശ്രേയസ് കഴിഞ്ഞാല്‍ കൊല്‍ക്കത്തയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും നിതീഷാണ്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിനിടെയാണ് ശ്രേയസിന് പുറംവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ശ്രേയസ് ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പിന്നീട് വിശദ പരിശോധനകള്‍ക്ക് വിധേയനായ ശ്രേയസിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനാകുകയാണെങ്കില്‍ ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാവും.
മാര്‍ച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ ഏപ്രില്‍ ഒന്നിന് പഞ്ചാബ് കിംഗ്സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.