നാടിനെ നടുക്കിയ ബ്രഹ്മപുരം പ്രശ്നം അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന-ജില്ലാ-കോര്പറേഷന് ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായ വന്‍ വീഴ്ചയാണ് വീണ്ടും തീപിടുത്തത്തിന് ഇടയാക്കിയതെന്ന് വിഎം സുധീരന്.
ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ബ്രഹ്മപുരം പദ്ധതി ദയനീയ പരാജയമായി മാറ്റിയതിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരാനും അവരെല്ലാം മാതൃകാപരമായി ശിക്ഷിക്കപ്പെടാനും ഫലപ്രദമായ യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങള്‍ ഒന്നും ഫലത്തില്‍ വന്നു തുടങ്ങിയിട്ടുമില്ല. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇനിയെങ്കിലും കുറ്റവാളികളുടെ പേരില്‍ നിയമമനുശാസിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാന്‍ പര്യാപ്തമാകുന്നനിലയില് സമഗ്രവും സത്യസന്ധവുമായ അന്വേഷണമാണ് അനിവാര്യമായിട്ടുള്ളത്.
ഇന്നത്തെ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണം തന്നെയാണ് അഭികാമ്യവും അനിവാര്യവുമായിട്ടുള്ളത്. സി.ബി.ഐ. അന്വേഷണം യാഥാര്‍ത്ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട സര്വ്വതലങ്ങളില് നിന്നും നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ സാങ്കേതിക-ശാസ്ത്രീയ മികവോടെ വിശ്വാസ്യതയുള്ള ഫലപ്രദമായ ബദല്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഇക്കാര്യങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്ന സാഹചര്യം ഭരണതലത്തിലോ രാഷ്ട്രീയ തലത്തിലോ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ക്ക് മതിയായ ഉറപ്പുലഭിച്ചേ മതിയാകൂ. കാര്യക്ഷമമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടണം. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണം. കുറ്റവാളികള്‍ എല്ലാം തന്നെ ശിക്ഷിക്കപ്പെടുകയും വേണം.