മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് അലക്സാണ്ടർ പ്രശാന്ത്. ഏത് നായകനെയും വെല്ലുന്ന തികവോടെ വെള്ളിത്തിരയിലെത്തുന്ന വില്ലൻ വേഷങ്ങളിലൂടെയാണ് അലക്സാണ്ടർ പ്രശാന്ത് പ്രേക്ഷകരുടെ മനസ് കവർന്നത്.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം തനിക്ക് ഒരുപാട് നെഗറ്റീവ് വേഷങ്ങൾ വന്നിരുന്നുവെന്ന് കുറച്ചുകാലം മുന്നേ അലക്സാണ്ടർ പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
നല്ലൊരു ഫ്രോഡിന്റെ എല്ലാ ലുക്കും നിനക്കുണ്ട് എന്ന് ലാൽജോസ് സാർ പണ്ട് പറഞ്ഞതായി താരം വെളിപ്പെടുത്തിയിരുന്നു, അതിനാൽ ആയിരിക്കാം നെഗറ്റീവ് കഥാപാത്രങ്ങൾക്ക് സ്വീകാര്യത കൂടുതൽ കിട്ടിയത് എന്നും താരം പറയുന്നു.
ആക്ഷൻ ഹീറോ ബിജു, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിൽ അത്യാവശ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേഷങ്ങൾ അലക്സാണ്ടർ പ്രശാന്ത് ചെയ്തിരുന്നു. ആ രണ്ട് സിനിമകൾ കരിയരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.
2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അലക്സാണ്ടർ പ്രശാന്ത് സിനിമാ മേഖലയിലേക്കെത്തിയത്. പിന്നീട് അവിടെ നിന്ന് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളായി അലക്സാണ്ടർ പ്രശാന്ത് സിനിമയിൽ വന്നുപോയി.
ഇപ്പോൾ അലക്സാണ്ടർ പ്രശാന്ത് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത് അവാർഡ് നേടിയ ആവാസവ്യൂഹം എന്ന മനോഹര ചിത്രം ഒരുക്കിയ, ക്രിഷാന്ദിന്റെ പുത്തൻ ചിത്രം പുരുഷപ്രേതം എന്ന ചിത്രത്തിലൂടെയാണ്. പ്രശാന്ത് അലക്സാണ്ടർ, ദർശന, ജഗദീഷ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മനു തൊടുപുഴയാണ് പുരുഷപ്രേതത്തിന് കഥയൊരുക്കിയത്.
തനിക്ക് ഊഡായിപ്പ് മുഖം ഉണ്ടെന്ന് സമ്മതിക്കുന്ന ഈ താരം ഏറ്റവും പുതിയ ചിത്രമായ പുരുഷപ്രേതത്തിലും തന്റെ സെബാസ്റ്റ്യന് ഊഡായിപ്പ് വേഷമാണെന്ന് പറഞ്ഞു.
പുരുഷപ്രേതത്തിലെ സെബാസ്റ്റ്യനായി മിന്നുന്ന പ്രകടനമാണ് അലക്സാണ്ടർ പ്രശാന്ത് കാഴ്ച്ചവച്ചത്. എംബിഎക്ക് പോകാൻ ഒരുങ്ങിയ തന്നോട് പണ്ട് പപ്പ, നീ ഒരു കലാകാരനല്ലേ, കലയിൽ ശോഭിക്കൂ എന്ന് പറഞ്ഞു തന്റെ ഇഷ്ട്ടത്തിന് വിട്ടതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.
എന്നാൽ ഒരുപാട് സ്ട്രഗിൾ ചെയ്ത് കലാകാരനായി നിലനിൽക്കാൻ ശ്രമിക്കുന്ന കാലത്താണ് താങ്ങായി നിന്നിരുന്ന പിതാവ് മരണപ്പെട്ടതെന്നും അലക്സാണ്ടർ പ്രശാന്ത് പറഞ്ഞു.
ഇതുവരെ എങ്ങും എത്തിയിട്ടില്ല. അതിന് സമയമെടുക്കും എന്നാണ്, സ്വാഭാവികമായ അഭിനയത്തോടെ പുരുഷപ്രേതത്തിലെ സെബാസ്റ്റ്യനായി നമ്മെ കയ്യിലെടുക്കുമ്പോഴും അലക്സാണ്ടർ പ്രശാന്തിന് പറയാനുള്ളത്. നമ്മൾ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാ ജീവിതം ഇന്ന് പുരുഷപ്രേതം എന്ന സിനിമയിൽ എത്തി നിൽക്കുമ്പോഴും മികച്ച വേഷങ്ങൾ ചെയ്യണം എന്ന് മാത്രമാണ് പ്രശാന്ത് എന്ന നടന്റെ ഒരേ ഒരു ആഗ്രഹം.