ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയ്ക്കെതിരെ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു.
അതേസമയം, കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് ഉത്തരവ് സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് കീറി വലിച്ചെറിഞ്ഞു. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിര്‍ത്തിവച്ചു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇന്നലെ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. പൊലീസിന്റെ വിലക്ക് ലംഘിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സങ്കല്‍പ്പ് സത്യഗ്രഹസമവും സംഘടിപ്പിച്ചു. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കഗാന്ധി, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, ജയ്റാം രമേശ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുത്തു. അതിനിടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.