കാലയവനികക്കുള്ളിൽ മറയുമ്പോഴും ഇന്നസെൻ്റിൻ്റെ നിഷ്കളങ്കമായ ചിരി മായുന്നില്ല. ഹൃദയപൂർവ്വമായ പ്രണാമമെന്ന് പ്രൊഫ.ജി.ബാലചന്ദ്രൻ
ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിരിയുടെ രാജാവിന് വിട. . അതുല്യ നടൻ ഇന്നസെൻ്റ് ഓർമ്മയായി. 1972 ൽ ”നൃത്തശാല” എന്ന സിനിമയിലൂടെയായിരുന്നു ഇന്നസെൻ്റ് വെള്ളിത്തിരയിലേക്ക് കാൽ വച്ചത്. തൻ്റെ അഭിനയ ജീവിതത്തിനിടയിൽ പ്രേംനസീർ മുതൽ മമ്മൂട്ടി വരെയുള്ള മഹാനടൻമാരുമൊത്ത് അദ്ദേഹം അരങ്ങ് കീഴടക്കി.
ഹാസ്യാഭിനയത്തിലൂടെ ആളുകളെ ഉള്ളം തുറന്ന് ചിരിപ്പിച്ച ഇന്നസെൻ്റിനെ തേടി ഒട്ടനവധി സിനിമാ പുരസ്കാരങ്ങളും എത്തി. റാംജിറാവ് സ്പീക്കിംഗിൽ മാന്നാർ മത്തായിയായും, കിലുക്കത്തിൽ കിട്ടുണ്ണിയായും അഭിനയിച്ചു തകർത്ത ഇന്നസെൻ്റ് ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തി. സന്ദേശം. കാബൂളിവാല, വിയറ്റ്നാം കോളനി, മിഥുനം, കിലുക്കം , ഗോഡ്ഫാദർ , എന്നീ നൂറുകണക്കിന് സിനിമകളിലെ അദ്ദേഹത്തിൻ്റെ അഭിനയ വൈഭവം എന്നും കലാപ്രേമികൾ ഓർത്തുവയ്ക്കും.
ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലൂടെ ഹാസ്യത്തിനപ്പുറത്ത് മികച്ച സ്വഭാവ നടനാവാനും തനിക്ക് കഴിയുമെന്ന് ഇന്നസെൻ്റ് തെളിയിച്ചു. ” കാൻസർ വാർഡിലെ ചിരി ‘ എന്ന ആത്മകഥ’ എഴുതിയും ക്യാൻസർ രോഗബാധിതനായ അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തി. കലാജീവിതത്തിനിടയിൽ രാഷ്ട്രീയ രംഗത്തും ഒരു കൈ നോക്കാൻ അദ്ദേഹം ശ്രമിച്ചു.
സി. പി. എമ്മിൻ്റെ പ്രതിനിധിയായി ചാലക്കുടിയിൽ മത്സരിച്ച ഇന്നസെൻ്റിന് ലോകസഭാംഗം എന്ന നിലയിലും പ്രവർത്തിക്കാൻ അവസരം കൈവന്നു. കാലയവനികക്കുള്ളിൽ മറയുമ്പോഴും ഇന്നസെൻ്റിൻ്റെ നിഷ്കളങ്കമായ ചിരി മായുന്നില്ല. ഹൃദയപൂർവ്വമായ പ്രണാമം..