തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ നടനും എംപിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഒട്ടൊന്നുമല്ല മലയാളികളെ സങ്കടത്തിലാക്കിയത്.
ഇന്നസെന്റ് പോലൊരു അതുല്യ പ്രതിഭയുടെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി എംബി രാജേഷ്.
ഇന്നസെന്റ് ചേട്ടന്റെ വിയോഗവാർത്തയാണ് ഇപ്പോൾ വരുന്നത്. ഏറെ വേദനാജനകമാണ് ഈ വിയോഗം. അതുല്യനായ നടൻ, ചിരി ചോരയിൽ അലിഞ്ഞുചേർന്ന നർമ്മബോധമുള്ളയാൾ, ജനപ്രതിനിധി, സർവോപരി സ്നേഹനിധിയായ മനുഷ്യൻ എന്നീ നിലകളിലെല്ലാമാണ് ഞാൻ ഇന്നസെന്റ് ചേട്ടനെ ഓർക്കുന്നത്.
പാർലമെന്റിൽ അഞ്ച് വർഷം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ, ഡൽഹിയിലെ ഞങ്ങളുടെ ദിവസങ്ങളെയെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ആഹ്ലാദഭരിതമാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലേറെ മുഖാമുഖം കണ്ട മരണത്തെ അദ്ദേഹം ചിരി കൊണ്ടാണ് ചെറുത്തുനിന്നത്. ആ ചിരിയുടെ പിന്നിലുള്ള നിശ്ചയാദാർഢ്യവും മനസാന്നിധ്യവും അപാരമായിരുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമ്മകൾ ഈ സന്ദർഭത്തിൽ മനസിൽ നിറയുന്നുണ്ട്. അതെല്ലാം മറ്റൊരവസരത്തിൽ വിശദമായി എഴുതാം. ഇന്നസെന്റ് ചേട്ടന്റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ആലീസ് ചേച്ചിയുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.