കൊച്ചി: അന്തരിച്ച നടന് ഇന്നസെന്റിന്റെ സംസ്ക്കാര ചടങ്ങുകൾ നാളെ വൈകീട്ട് നടക്കും. നാളെ രാവിലെ 6.30ന് ലേക്ഷോര് ഹോസ്പിറ്റലില്‍ നിന്നും ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ എത്തിക്കും. ഇവിടെ പൊതുജനങ്ങള്‍ക്ക് വേണ്ടി കാലത്തു 8 മുതൽ 11 മണിവരെ പൊതു ദര്‍ശനം ഉണ്ടായിരിക്കും.
തുടര്‍ന്ന് ഇന്നസെന്റിന്റെ ഭൌതിക ശരീരം നാടായ ഇരിങ്ങാലകുടയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് ഇന്നസെന്റിന്റെ വസദിയിലും പൊതു ദർശനത്തിനു വെക്കും. തുടര്‍ന്ന് 5 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും.
കൊച്ചിയിലെ വി പി എസ് ലേക്ഷോര് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു.
അര്‍ബുദ ബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്.