പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്

 

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്. നാറ്റും ഹര്‍മനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈ വനിതകളുടെ വിജയത്തില്‍ നിര്‍ണായകമായി.

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 132 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയെ ആദ്യ ഓവറുകളില്‍ തന്നെ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. രണ്ടാം ഓവറില്‍ ഓപ്പണര്‍ യാസ്തിക ഭാട്ടിയയേയും നാലാം ഓവറില്‍ ഹെയ്‌ലി മാത്യൂസിനേയും മുംബൈക്ക് നഷ്ടമായി. യാസ്തിക ഭാട്ടിയ മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സെടുത്തപ്പോള്‍ ഹെയ്‌ലി മാത്യൂസ് 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്തു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച നാറ്റ്‌ലി സൈവര്‍ ബ്രണ്ടും ഹര്‍മന്‍പ്രീത് കൗറും കരുതലോടെ തുടങ്ങി പിന്നാലെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ ശിഖ പാണ്ഡെയുടെ ത്രോ ഹര്‍മനെ പുറത്താക്കി. 39 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 37 റണ്‍സ് ഹര്‍മന്‍ നേടി. നാറ്റും മെലീ ഖേറും 17-ാം ഓവറില്‍ ടീമിനെ 100 കടത്തി. ഇതിന് ശേഷം നാറ്റ് ബൗണ്ടറികളിലൂടെ മുംബൈക്ക് കിരീടം സമ്മാനിച്ചു.  

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയുടെ തീരുമാനം പാളുന്നതാണ് തുടക്കത്തില്‍ കാണാനായത്. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഷഫാലി വര്‍മ്മയെ ഡല്‍ഹിക്ക് നഷ്ടമായി. ഓവറിലെ ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ ഷഫാലിയെ മൂന്നാം പന്തില്‍ പുറത്താക്കി ഇസ്സി വോങ് തിരിച്ചടിച്ചു. പിന്നാലെ അഞ്ചാം പന്തില്‍ ആലിസ് കാപ്‌സിയേയും വോങ് പുറത്താക്കി. അതോടെ ഡല്‍ഹി പ്രതിരോധത്തിലായി.

ശിഖ 17 പന്തില്‍ 27* ഉം രാധ 12 പന്തില്‍ 27* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ശിഖ മൂന്ന് ഫോറും ഒരു സിക്‌സും രാധ രണ്ട് വീതം ഫോറും സിക്‌സും കണ്ടെത്തി. 29 പന്തില്‍ 35 റണ്‍സ് നേടിയ ഓപ്പണറും ക്യാപ്റ്റനുമായ മെഗ് ലാന്നിംഗാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 

ഷെഫാലി വര്‍മ്മ(4 പന്തില്‍ 11), അലീസ് കാപ്‌സി(2 പന്തില്‍ 0), ജെമീമ റോഡ്രിഗസ്(8 പന്തില്‍ 9), മരിസാന്‍ കാപ്(21 പന്തില്‍ 18), ജെസ്സ് ജൊനാസ്സന്‍(11 പന്തില്‍ 2), അരുന്ധതി റെഡ്ഡി(5 പന്തില്‍ 0), മിന്നു മണി(9 പന്തില്‍ 1), താനിയ ഭാട്ടിയ(2 പന്തില്‍ 0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 
 
 
മൂന്ന് വീതം വിക്കറ്റെടുത്ത ഇസ്സി വോങ്ങും ഹെയ്‌ലി മാത്യൂസുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. മെലീ കെര്‍ രണ്ട് വിക്കറ്റെടുത്തു.