ന്യൂഡല്‍ഹി: വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ലവ്ലിന ബോര്‍ഗോഹൈനാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. വനിതകളുടെ 75 കിലോ വിഭാഗത്തിലാണ് ലവ്ലിനയുടെ നേട്ടം.
ഓസ്ട്രേലിയൻ താരം കെയ്റ്റ്ലിൻ പാർക്കറെ വീഴ്ത്തിയാണ് ലോവ്ലിന സ്വർണം നേടിയത്. സ്കോർ: 5-2. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ ലവ്ലിനയുടെ ആദ്യ സ്വര്‍ണമാണിത്.
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് ലവ്ലിന. 2018-ലും 2019-ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാനും ലവ്ലിനയ്ക്ക് കഴിഞ്ഞു. കരിയറിലെ ആദ്യ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ വിജയിക്കാന്‍ സാധിച്ചത് താരത്തിന് നേട്ടമായി.
50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീനും ഇന്ന് സ്വർണം നേടിയിരുന്നു. വിയ്റ്റനാം താരം ന്യുയെൻ തി ഥാമിനെ 5-0 എന്ന സ്കോറിന് വീഴ്ത്തിയാണ് സരീൻ തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് മെഡൽ സ്വന്തമാക്കിയത്.