കഠ്മണ്ഡു: എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് 3 എയർ ട്രാഫിക് കൺട്രോളർമാരെ (എടിസി) നേപ്പാൾ സസ്പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവില്‍ പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നത്. എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങുകയും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചു. വിഷയത്തിൽ എയർ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല.