ലക്നൗ: ലോക്സഭാംഗത്വത്തിൽനിന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു രാജ്യമെങ്ങും ‘സങ്കൽപ് സത്യഗ്രഹം’ നടത്തുന്ന കോൺഗ്രസിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണു സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു.
ജനങ്ങളോട് കരുണ കാട്ടാത്തവർക്ക് സത്യഗ്രഹ സമരം അനുഷ്ഠിക്കാനാവില്ല. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കും ഭാഷാ, പ്രാദേശിക വാദങ്ങൾ ഉപയോഗിച്ച് വിഭാഗീയത സൃഷ്ടിക്കുന്നവർക്കും സത്യഗ്രഹം നടത്താൻ സാധിക്കില്ലെന്ന് യോഗി പറഞ്ഞു.
സത്യത്തെയും അംഹിസയെയും പിന്തുണ ഗാന്ധിജി നിർദേശിച്ച സമരമാണ് സത്യഗ്രഹം. ജനങ്ങളോട് കരുണ ഇല്ലാത്തവർക്കും സത്യത്തിന്റെ പാതയിൽ സഞ്ചരിക്കാത്തവർക്കും സത്യഗ്രഹം സാധ്യമല്ല. രാജ്യത്തിന്റെ നയങ്ങളോടും സൈനികരുടെ ധീരതയോടും ബഹുമാനമില്ലാത്ത രാഹുലിന് സത്യഗ്രഹം നടത്താൻ സാധിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു.
രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണു സത്യഗ്രഹ സമരം സംഘടിപ്പിച്ചത്.