കൊച്ചി: ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. അത് മുന്നില്‍ക്കണ്ടുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ വീണ്ടും തീപ്പിടിത്തമുണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടിത്തന്നെ കണ്ടിരുന്നു. വീണ്ടും ചെറിയചെറിയ തീപ്പിടിത്തങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇക്കാര്യം നിയമസഭയിലും പറഞ്ഞിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് പ്രദേശത്ത് അഗ്നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.
നാലുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാലേ പത്തോടെത്തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും അറിയിച്ചു. ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മേയർ പറഞ്ഞു.
മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തമുണ്ടായതിന് കാരണം മീഥെയ്ന്റെ സാന്നിധ്യവും ചൂട് കൂടിയതുമാണ്. തീപിടിച്ചപ്പോൾ രണ്ടുവീതം അഗ്നിശമന യൂണിറ്റും ഹിറ്റാച്ചികളും സ്ഥലത്തുണ്ടായിരുന്നുവെന്നും അവ തീ അണയ്ക്കാൻ തുടങ്ങിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി. എന്നാൽ കാറ്റ് കൂടിയതോടെ തീ പടർന്നപ്പോൾ കൂടുതൽ അഗ്നിശമന യൂണിറ്റുകൾ എത്തിയെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ തീ അണയ്ച്ചിട്ടുണ്ടെന്നും പുക അണയ്ക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. റീജ്യണൽ ഫയർ ഓഫീസർ, ഡെപ്യൂട്ടി കലക്ടർ എന്നിവരടക്കമുള്ളവർ സ്ഥലത്തുണ്ടെന്നും അരമണിക്കൂറിനകം പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.