ന്യൂഡല്‍ഹി: 2023 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. വനിതകളുടെ ബോക്സിങ്ങില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന 50 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിൽ 5-0 നാണ് നിഖാത് സരിൻ വിജയം നേടിയത്. ഫൈനലില്‍ വിയാറ്റ്നാം താരമായ നുയന്‍ തി ടാമിനെയാണ് നിഖാത് സരിന് പരാജയപ്പെടുത്തിയത്.
സരിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. നേരത്തേ 2022 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് നിഖാത് സരിന്. മേരി കോമാണ് ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സരിന് സ്വര്‍ണം നേടിയിരുന്നു.