ലോകകപ്പിലെ കുതിപ്പ് തുടർന്ന് മൊറോക്കോ. സൗഹൃദ മത്സരത്തിൽ മൊറോക്കോക്ക് മുന്നിൽ ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും വീണു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകൾ മഞ്ഞപ്പടയെ തോൽപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ബ്രസീലിനെ മൊറോക്കോ പരാജയപ്പെടുത്തുന്നത്.
സുഫിയാൻ ബൗഫൽ (29ാം മിനിറ്റിൽ), അബ്ദുൽ ഹമീദ് സബീരി (79ാം മിനിറ്റിൽ) എന്നിവർ മൊറോക്കോക്കു വേണ്ടി ഗോളുകൾ നേടി. നായകൻ കാസെമിറോയുടെ വകയായിരുന്നു 67ാം മിനിറ്റൽ മഞ്ഞപ്പടയുടെ ആശ്വാസ ഗോൾ.
സ്വന്തം തട്ടകമായ തുഞ്ചയിലെ ഇബ്ൻ ബത്തൂത്ത സ്റ്റേഡിയത്തിൽ 65,000ത്തിലധികം കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിൽ വ്യക്തമായ മേധാവിത്വം പുലർത്താൻ മൊറോക്കോയ്ക്ക് സാധിച്ചു. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തിൽ ഇറങ്ങിയ ബ്രസീലിന് തോൽവി തിരിച്ചടിയായി. മികച്ച കളി ബ്രസീൽ പുറത്തെടുത്തെങ്കിലും മൊറോക്കോയുടെ കൂട്ടത്തോടെയുള്ള ആക്രമണ ശൈലി കളി മാറ്റിമറിച്ചു.