ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിജയനഗര സാമ്രാജ്യം, എണ്ണി തീർക്കാൻ കവിയാത്തത്ര ശിൽപ്പങ്ങളും അതിമനോഹരമായ ക്ഷേത്രങ്ങളും ഹംപി സഞ്ചാരികളെ മാടി വിളിക്കുകയാണ്.
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളുമായി യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ഹംപിയിലേക്ക് ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്. ഹൊയ്സാല ശൈലിയിലുള്ള വാസ്തുവിദ്യകളും ശൈലികളും ക്ഷേത്രങ്ങളും, വാസ്തു ശൈലിയും ആരെയും ആകർഷിക്കുന്നതാണ്.
പതിമൂന്നാം നൂറ്റാണ്ട് മുതൽ 16 നൂറ്റാണ്ട് വരെ വിജയനഗര രാജാക്കൻമാരുടെ തലസ്ഥാനം ഹംപിയായിരുന്നു. വടക്കൻ കർണ്ണാടകത്തിലാണ് ഹംപിയെന്ന സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്കോ ഹംപിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്നും ഏകദേശം 350 കിലോമീറ്ററോളം യാത്ര ചെയ്താലാണ് ഹംപിയിലെത്തുക. കർണ്ണാടകയുടെ പ്രധാന നദികളിലൊന്നായ തുംഗഭദ്ര നദിയുടെ കരയിലാണ് അതി മനോഹരമായ ഹംപി സ്ഥിതി ചെയ്യുന്നത്.
പരിസരങ്ങളിൽ അന്നുണ്ടായിരുന്ന കൂറ്റൻ കല്ലുകൾ ഉപയോഗിച്ചാണ് വിജയനഗര രാജാക്കൻമാർ ഹംപി കെട്ടിയുയർത്തിയത്. പ്രശസ്തമായ വിരൂപാക്ഷ ക്ഷേത്രം , വിട്ടാല ക്ഷേത്രം എന്നിവയെല്ലാം ഹംപിയിലാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾ ഹംപിയിലെത്തുമ്പോൾ സന്ദർശിക്കാൻ മറക്കാത്ത ഇടമാണ് ഇവയെല്ലാം.
ശാന്തമായൊഴുകുന്ന നദിയുടെ കരയിൽ , കുന്നുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഹംപിയുടെ കാഴ്ച്ചയുടെ മനോഹാരിത വാക്കുകൾക്കും അപ്പുറമാണ്.
ജലസംഭരണികൾ, പൊതു കെട്ടിടങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ ഹംപിയിലെത്തുന്ന യാത്രക്കാരുടെ കണ്ണിന് കുളിരേകാൻ പ്രകൃതി ഭംഗിയോടൊപ്പം വിജയനഗര രാജാക്കൻമാരുടെ ഹൊയ്സാല ശിൽപ്പവിദ്യയും കൂടിയാകുമ്പോൾ ഹംപി യാത്ര സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി തീരുന്നു.