കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ ശ്രീ രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി സ്വേച്ഛാധിപത്യപരവും ജനാധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്. വിമര്‍ശനാത്മകമായ പ്രസംഗത്തിന്റെ പേരില്‍ നടത്തിയ ഈ നടപടി എതിര്ശബ്ദങ്ങളോടും എതിര്‍രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് തെളിയിക്കുന്നത്.
പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ഗാന്ധിക്കെതിരായി വന്ന വിധി നടപ്പിലാക്കുന്നതിനു മുമ്പ് അപ്പീല്‍ പോകുവാന്‍ കോടതി സമയം അനുവദിച്ചത് കണക്കിലെടുക്കാതെ ഒരു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിയേറ്റിന്റെ നടപടി സംഘപരിവാറിന്റെയും ബി.ജെ.പി സര്‍ക്കാരിന്റെയും ഭീരുത്വമാണ് തെളിയിക്കുന്നത്. ഇത് ആദ്യത്തെ സംഭവമല്ല എന്നത് ഗൗരവകരമായി കാണേണ്ടതുണ്ട്. അരവിന്ദ് കേജ്രിവാള് നയിക്കുന്ന ഡല്‍ഹി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ സി.ബി.ഐ യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തത് ഈയിടെയാണ്. തങ്ങളെ വിമര്‍ശിക്കുന്നവരെ അറസ്റ്റുചെയ്തു ദ്രോഹിക്കുന്നതും കേസില്‍ കുടുക്കുന്നതും എല്ലാ സ്വേച്ഛാധിപത്യപ്രവണതയുള്ളവരുടെയും സഹജസ്വഭാവമാണ്. അതാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്.
മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെ അധികാരത്തിന്റെ ദുരുപയോഗത്താല്‍ വേട്ടയാടുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം കക്ഷിരാഷ്ട്രീയഭേദമെന്യേ ഉയര്‍ന്നുവരേണ്ടതുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ബി.ജെ.പി യുടെ വേട്ടയാടലിന് കേരളവും സാക്ഷ്യം വഹിച്ച സമയത്ത് അതിനെ കയ്യടിച്ചു പ്രോത്സാഹിച്ച കോണ്‍ഗ്രസിന് ഇനിയെങ്കിലും യാഥാര്ത്ഥ്യബോധമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ഫാസിസ്റ്റ് ഇറ്റലിയില്‍ മുസോളിനിയും നാസി ജര്‍മനിയില്‍ ഹിറ്റ്ലറും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയും പിന്തുടര്‍ന്ന ജനാധിപത്യ കശാപ്പ് സംഘപരിവാര്‍ പരീക്ഷിക്കുകയാണ്. ഇത് ചെറുത്തുതോല്‍പ്പിക്കുവാനുള്ള കടമ ഓരോ ഇന്ത്യക്കാരനുമുണ്ട്. ഇത്തരം സ്വേച്ഛാധിപത്യ നടപടിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ശബ്ദമുയരണം.