തിരുവനന്തപുരം: ലോക്സഭ എം.പി. സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
പ്രതിഷേധക്കാരെ രാജഭവന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി. പ്രവർത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
പോലീസ് അതിക്രമത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പാറശ്ശാലയിൽ റോഡ് ഉപരോധിച്ചു. വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വായ മൂടിക്കെട്ടിയായിരുന്നു പ്രകടനം
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുൻ വശത്ത് ടയറുകൾ കത്തിച്ച് മുദ്രാവാക്യം മുഴക്കുകയാണ്. പ്രതിഷേധം സംഘർഷത്തിലെത്തിയതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് തുരത്തിയോടിച്ചു. കോണ്‍ഗ്രസ് പ്രവർത്തകർ റെയിൽവേ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. റെയിൽവേ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം.