‘പന്ത് പകരക്കാരന്‍ ഇല്ലാത്ത താരം, ടീമിന് വലിയ നഷ്ടം’: റിക്കി പോണ്ടിങ്

 

ന്യൂഡല്‍ഹി: ഐപിഎല്‍ ഇത്തവണ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. പന്തിന്റെ അഭാവം നികത്താനാകാത്തതാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ് പ്രതികരിച്ചു. 

“പന്ത് ടീമിന്റെ വലിയ നഷ്ടമാണ്. പന്തിന് പകരം മറ്റൊരു താരം എന്നത് ചിന്തിക്കാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച താരമാണ് പന്ത്. മികച്ച അഞ്ച് ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയിലുള്ള താരമാണ് പന്ത്. അദ്ദേഹം ഞങ്ങളുടെ നായകനാണ്. ഞങ്ങളുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന മധ്യനിര താരം, മികച്ച ഫിനിഷര്‍. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊരു താരം എന്നത് അസാധ്യമാണ്. 

യുവ ഓള്‍റൗണ്ടര്‍ അമാന്‍ ഖാന്‍ മികച്ച രീതിയിലാണ് നെറ്റ്‌സില്‍ പരിശീലിക്കുന്നത്. അദ്ദേഹത്തില്‍ ടീമിന് പ്രതീക്ഷയുണ്ട്. പന്തിന്റെ അഭാവത്തില്‍ മധ്യനിരയില്‍ കൂറ്റനടിക്ക് പ്രാപ്തിയുള്ള നിരവധി താരങ്ങള്‍ സ്‌ക്വാഡിലുണ്ട്. അമാന്‍ ഖാന്‍, റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേലടക്കമുള്ളവര്‍. അക്ഷര്‍ കഴിഞ്ഞ 12 മാസത്തിനിടെ ബാറ്റിങില്‍ ഏറെ മെച്ചപ്പെട്ടിടുണ്ട്. എങ്കിലും പന്തിന്റെ അതേ മികവുള്ള താരമില്ല എന്നത് തുറന്നു സമ്മതിക്കുന്നു. 

ക്യാപ്റ്റന്‍ വാര്‍ണര്‍ ഓപ്പണറായി തന്നെ ക്രീസിലെത്തും. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ വാര്‍ണര്‍ നാലാം നമ്പറിലാണ് ബാറ്റിങിന് ഇറങ്ങിയത്. എന്നാല്‍ നാലാം നമ്പറില്‍ വാര്‍ണറെ കളിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിജയിച്ച ഓപ്പണറില്‍ ഒരാളാണ് വാര്‍ണര്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയും അദ്ദേഹം മികച്ച രീതിയില്‍ ഓപ്പണ്‍ ചെയ്തു. 

ബാറ്റിങ് മികവു കൊണ്ടു കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് വാര്‍ണര്‍. പരിചയസമ്പന്നനായ താരമാണ് അദ്ദേഹം. അദ്ദേഹം ഞങ്ങളുടെ നായകന്‍ കൂടിയാണ്”- പോണ്ടിങ് വ്യക്തമാക്കി.