കോഴിക്കോട്: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ മുക്കത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ നോർത്ത് കാരശ്ശേരിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. രാഹുൽ ഗാന്ധിയുടെ മുക്കത്തെ ഓഫീസിന് മുന്നിലായിരുന്നു ഉപരോധം. ഏകദേശം അമ്പതോളം പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു. നോർത്ത് കാരശ്ശേരിയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ കൂടുതൽ പ്രവർത്തകരെത്തി മുക്കം ടൗണിൽ റോഡ് ഉപരോധിച്ചു.
രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകിട്ട് കോൺഗ്രസ് അടിയന്തര യോഗം ചേരും.
രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.