ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം. സർക്കാരിന്റേത് ഏകാതിപത്യനടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച് നിന്ന തൃണമൂൽ കോൺഗ്രസും സമാജ്വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു.
രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകിട്ട് കോൺഗ്രസ് അടിയന്തര യോഗം ചേരും.
രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ ഉന്നം പ്രതിപക്ഷ നേതാക്കളാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു. നടപടിയില്‍ ബിജെപിയെ കുറ്റപ്പെടുത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏകാധിപത്യനീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. മുന്‍പ് സമാജ്വാദിപാര്ട്ടി നേതാക്കള്‍ക്കെതിരെ നടത്തിയ നീക്കമാണ് രാഹുല്‍ഗാന്ധിക്കെതിരെയും പ്രയോഗിക്കുന്നതെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ഞെട്ടിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി ട്വീറ്റ് ചെ്യതു. ഇന്ത്യയില്‍ എല്ലാ സർക്കാർ സംവിധാനങ്ങളും സമ്മർദ്ദത്തിലാണെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ വിമർശനം.
എന്നാല്‍ രാഹുൽഗാന്ധിയുടെ പരാമർശം രാജ്യവ്യാപക പ്രചാരണത്തിന് ഉപയോഗിക്കാനാണ് ബിജെപി നീക്കം. പിന്നാക്ക വിഭാഗത്തെ കള്ളൻമാരാക്കി മുദ്രകുത്താനാണ് രാഹുല്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപണം.
ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം.