മുതിർന്ന കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ നീക്കത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണിതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാർഹമാണ്.
കൂടാതെ രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാൻ കഴിയൂ.
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ ശൈലിയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത് എന്നും മന്ത്രി മുഹമ്മദ് റിയാസ് കുറിച്ചു.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാർ ഭരണത്തിനുകീഴിൽ ഇതോടെ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്.
എംപിയുമായ രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ചുള്ള വിധിയിൽ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം രൂക്ഷമാകുകയാണ്.
ഈ വിഷയത്തിൽ പ്രതിഷേധമുയർത്താൻ രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്.