അപകീർത്തി കേസിൽ അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ പിന്തുണച്ച് എംവി ഗോവിന്ദൻ മാസ്റ്റർ.
മുതിർന്ന കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ നീക്കത്തെ പ്രതിപക്ഷ പാർട്ടികളെ ഏത് വിധേനയും നിശബ്ദമാക്കുന്ന ബിജെപിയുടെ തന്ത്രമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ തളയ്ക്കപ്പെടാൻ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാൻ ശക്തമായ പ്രതിരോധമുയർത്തണം.
‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സർക്കാരെന്ന് തുറന്ന് പറഞ്ഞ് എംവി ഗോവിന്ദൻ മാസ്റ്റർ.
പ്രതിപക്ഷ പാർട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് . ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.