തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പൂർണ്ണ പിന്തുണ നൽകി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് രംഗത്ത്.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായക്കാരെയും താറടിച്ചു കാണിക്കാൻ ആയിരുന്നില്ലെന്നും പകരം പ്രധാനമന്ത്രിയെയും അഴിമതികളെയും വിമർശിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും എം സ്വരാജ് വ്യക്തമാക്കി.
ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.
വിയോജിപ്പുകൾക്കും വിമർശനങ്ങക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും എം സ്വരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.