തിരുവനന്തപുരം : കാപ്പബ്ലാങ്ക ചെസ്സ് സ്കൂളിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് സി. സി. എസ് ചെസ്സ് ഫെസ്റ്റിവല്‍ 2023 പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 6 വരെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ചെസ്സ് ഫെസ്റ്റിവല്‍ നടക്കും. ഫിഡെ റേറ്റഡ് ടൂര്‍ണമെന്റ് ആയ സി. സി. എസ് ചെസ്സ് ഫെസ്റ്റിവലില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കായി 25 ലക്ഷം രൂപ വിലവരുന്ന സമ്മാനങ്ങളാണ് നല്‍കുന്നത്. സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപക-സംവിധായകന് സൂര്യ കൃഷ്ണമൂര്‍ത്തി പരിപാടിയുടെ മുഖ്യാതിഥിയാകും.
ചെസ്സ്മേഖലയില് ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും ചെസ്സിന് വേണ്ടി നിലകൊള്ളുവാന്‍ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ കാപബ്ലാങ്ക ചെസ്സ് ഫൗണ്ടേഷനും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഇത് വഴി അര്‍ഹരായ ചെസ്സ് മത്സരാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പുകളും, സ്പോണ്‍സര്‍ഷിപ്പുകളും നല്‍കും.
ഫിഡെ റേറ്റഡ് ടൂര്‍ണമെന്റായ സി.സി. എസ് 2023ല്‍ തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണലുകളായ കളിക്കാര്‍ക്ക് വരെ പങ്കെടുക്കാം. ക്ലാസിക്, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ക്ലാസിക്, ടൂര്‍ണമെന്റ് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെയും റാപ്പിഡ് ടൂര്‍ണമെന്റ് ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 5 വരെയും ബ്ലിറ്റ്സ് ടൂര്‍ണമെന്റ് ഏപ്രില്‍ 6 വരെയും നടക്കും. ഫൈഡ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും ടൂര്‍ണമെന്റുകള്‍ നടക്കുക. മാര്‍ച്ച് 27 ആണ് ടൂര്‍ണമെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി.
‘ സി. സി. എസ് 2023 ചെസ്സ് ഫെസ്റ്റിവല്‍ പ്രഖ്യാപിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത് വഴി ഞങ്ങളുടെ വിദ്യാര്‍ത്ഥികളുടെയും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള മറ്റ് കളിക്കാരുടെയും കഴിവും നൈപുണ്യവും പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി മാറുമെന്ന് കാപബ്ലാങ്ക ചെസ് സ്കൂള്‍ സ്ഥാപകനും സി. ഇ. ഒ. യുമായ വിജിന് ബാബു എസ് പറഞ്ഞു. ‘വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, സാമൂഹിക പുനരധിവാസം എന്നിവയ്ക്കുള്ള വിലപ്പെട്ട ഉപകരണമാണ് ചെസ്സ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുള്ള കളിക്കാരെ പിന്തുണയ്ക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെസ്സ് ഇവന്റുകളിലൊന്ന് എന്ന നിലയില്‍ കളിക്കാര്‍ക്ക് മത്സരിക്കാനും പഠിക്കാനും ഗെയിമിനോടുള്ള അവരുടെ അഭിനിവേശം പങ്കിടുവാനുമുള്ള വേദിയായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള കളിക്കാരെ ടൂര്‍ണമെന്റ് ആകര്‍ഷിക്കുന്നത് വഴി ഇതൊരു അന്താരാഷ്ട്ര ഇവന്റായി മാറും. ചെസ്സ് മേഖലയിലെ വിദഗ്ധരെയും കളിക്കാരെയും ഒരു കുടക്കീഴില് കൊണ്ടുവരുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയായിരുക്കും ഇത്.
കാപാബ്ലാങ്ക പോലെത്തെ ചെസ്സ് സ്കൂള്‍ ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ്. ചെസ്സ് വിദ്യാഭ്യാസവും മറ്റനുബന്ധ വിജ്ഞാനങ്ങളും വിവിധ മൊഡ്യുളുകളായി തിരിച്ച് കാപാബ്ലാങ്ക വിദ്യാര്ത്ഥിക്കുകള്ക്ക് നല്കുന്നു. 14 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കാപബ്ലാങ്ക പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചട്ടുണ്ട്. 2016ഇല് കേരളത്തില്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ കേരളത്തിലുടനീളം 25-ലധികം ജില്ലാ, സംസ്ഥാന തല പരിപാടികള്‍ നടത്തി.
നിരവധി ഔദ്യോഗിക വിഭാഗ മത്സരങ്ങളിലൂടെ 42 ജില്ലാ ചാമ്പ്യന്മാരെയും 12 സംസ്ഥാന ചാമ്പ്യന്മാരെയും സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ചെസ്സ് സമൂഹത്തെ കാപാബ്ലാങ്ക സ്വാധീനിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും, https://capablancachessschool.com/ccschessfestival/ അല്ലെങ്കില്‍ സ്കാന്‍ ചെയ്യുക. കാപബ്ലാങ്ക ചെസ്സ് സ്കൂള്‍ സ്ഥാപകനും സി ഇ ഓ യുമായ വിജിന് ബാബു, ബ്രാന്‍ഡ് ഡെവലപ്പ്മെന്റ് ഡയറക്ടറായ ശ്രീറാം എസ്. ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.