11 ദിവസംകൊണ്ട് 4 ബാങ്കുകളാണ് പൊളിഞ്ഞത്. അഞ്ചാമത്തേതിന്റെ ഭാവി തുലാസിലും. അമേരിക്കന്‍, യൂറോപ്യന്‍ ബാങ്കുകളുടെ തകര്ച്ചകള് ആഗോള മാന്ദ്യത്തിലേക്കുള്ള നീക്കത്തെ രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് സാമ്പത്തികലോകം. മാന്ദ്യം ഉണ്ടായാല്‍ പെട്രോളിന്റെ ഉപയോഗം കുറയുമല്ലോ? ക്രൂഡോയിലിന്റെ വില ബാരലിന് 130 ഡോളര്‍ ഉണ്ടായിരുന്നത് 71 ഡോളറായി താഴ്ന്നു കഴിഞ്ഞു. സമ്പാദ്യം പണത്തില്‍ സൂക്ഷിക്കുന്നതിനു പകരം സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കുന്നതിനു താല്‍പ്പര്യം വര്‍ദ്ധിച്ചു. സ്വര്‍ണ്ണത്തിനു വില പവന് 60000 രൂപ കടന്നു. എന്താണ് സംഭവിക്കുന്നത്?
ആദ്യം തകര്‍ച്ച മാര്‍ച്ച് 8-ന് സില്‍വര്‍ ഗേറ്റ് കോര്പ്പറേഷന് എന്ന ബാങ്ക് ആയിരുന്നു. അത്ര അറിയപ്പെടാത്ത ബാങ്ക് ആയിരുന്നതുകൊണ്ട് ഇതു വലിയ പരിഭ്രാന്തി സൃഷ്ടിച്ചില്ല. എന്നാല്‍ മാര്‍ച്ച് 10-ന് സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നതോടെ എല്ലാവര്ക്കും ആശങ്കയായി. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന ബാങ്കാണ് ഇത്. മാര്‍ച്ച് 12-ന് ക്രിപ്റ്റോ കറന്‍സി മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ ബാങ്കിന്റെ ഊഴമായി. ഇതോടെ സില്‍വര്‍ ഗേറ്റിനെ തകരാന്‍ അനുവദിച്ച അമേരിക്കന്‍ സര്‍ക്കാര്‍ സടകുടഞ്ഞ് എഴുന്നേറ്റു. പൊളിഞ്ഞ ബാങ്കുകളുടെ ഡെപ്പോസിറ്റുകള്‍ സര്‍ക്കാര്‍ നല്കുമെന്നു പ്രഖ്യാപിച്ചു. പ്രതിസന്ധിയിലാകുന്ന ബാങ്കുകളുടെ ബോണ്ടുകളും മറ്റും മുഖവിലയ്ക്ക് ഈടായി സ്വീകരിച്ച് പണം നല്കുമെന്നു പ്രഖ്യാപിച്ചു.
നാലാമത്തെ ബാങ്ക് സ്വിറ്റ്സര്‍ലന്റിലെ 166 വര്‍ഷം പഴക്കമുള്ള ക്രെഡിറ്റ് സൂയിസ് എന്ന ഭീമനായിരുന്നു. മാര്‍ച്ച് 19-ന് യുബിഎസ് എന്നു പറയുന്ന മറ്റൊരു സ്വിസ് ബാങ്ക് ക്രെഡിറ്റ് സൂയിസിനെ ഏറ്റെടുത്തു. ബാങ്കിംഗ് മേഖലയില്‍ പരിഭ്രാന്തി പടരാതിരിക്കാന്‍ വാരാന്ത്യം മുഴുവന്‍ സെന്‍ട്രല്‍ ബാങ്കും വിദഗ്ദരും രാപ്പകല്‍ പണിയെടുത്താണ് ഈ വില്‍പ്പന ഉറപ്പാക്കിയത്.
ഈ എല്ലാ തകര്‍ച്ചയുടെയും പ്രഥമ കാരണം ഡെപ്പോസിറ്റര്‍മാര്‍ തങ്ങളുടെ ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കാന്‍ ഓടിക്കൂടിയതാണ്. എല്ലാവരുംകൂടി ഒരുമിച്ച് ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കാന്‍ വന്നാല്‍ ഏതൊരു ബാങ്കും പൊളിഞ്ഞുപോകും. കാരണം ഡെപ്പോസിറ്റായി ലഭിക്കുന്ന പണത്തില്‍ നല്ലൊരു പങ്ക് പലര്‍ക്കും വായ്പയായി കൊടുക്കും. കാലാവധി കഴിയുമ്പോഴേ ആ പണം തിരിച്ചു കിട്ടൂ. പിന്നെ ഒരു ഭാഗം ഓഹരികള്‍, ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കും. അത് വിറ്റ് കാശാക്കാം. പക്ഷേ, കുറച്ചു സമയമെടുക്കും. ചെറിയൊരു ഭാഗം മാത്രമേ റെഡി ക്യാഷായി കൈയില്‍ സൂക്ഷിക്കൂ. അതുകൊണ്ടാണ് എല്ലാ ഡെപ്പോസിറ്റമാരും ഒരുമിച്ച് ഡെപ്പോസിറ്റ് പിന്‍വലിക്കാന്‍ ചെന്നാല്‍ എത്ര വലിയ ബാങ്കാണെന്നു പറഞ്ഞാലും പൊളിയുമെന്നു പറഞ്ഞത്.
എന്തുകൊണ്ടാണ് ഡെപ്പോസിറ്റര്‍മാര്‍ പരിഭ്രാന്തരായി മേല്‍പ്പറഞ്ഞ ബാങ്കുകളില്‍ പണം പിന്‍വലിക്കാന്‍ ഓടിക്കൂടിയത്? കാരണം ലളിതമാണ്. ബാങ്കിന്റെ ഭാവിയില്‍ അവര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. ബാങ്ക് പൊളിയുന്നതിനു മുമ്പ് തങ്ങളുടെ പണം പിന്‍വലിക്കാന്‍ കഴിയുമോ എന്നാണ് ഓരോരുത്തരും നോക്കുക.
അപ്പോള്‍ അടുത്ത ചോദ്യം എന്തുകൊണ്ട് വിശ്വാസം നഷ്ടപ്പെട്ടുവെന്നതാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ നയമാണ് ഇതിനു കാരണം. ആഗോളമായി രൂക്ഷമായ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലെ പലിശനിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വീണ്ടും കാല് ശതമാനം പലിശ ഉയര്‍ത്തി. അമേരിക്കയിലെ പലിശനിരക്ക് 1 ശതമാനത്തിനു താഴെയായിരുന്നത് ഇപ്പോള്‍ 4.5 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്.
പലിശനിരക്ക് ഉയരുമ്പോള്‍ ബോണ്ടിന്റെ വില താഴും. ബാങ്കുകള്‍ വായ്പ കൊടുക്കാത്ത പണത്തില്‍ നല്ല പങ്ക് ബോണ്ടുകളിലാണ് നിക്ഷേപിക്കുകയെന്നു പറഞ്ഞല്ലോ. ബോണ്ടിന്റെ വില ഉയര്‍ന്നാല്‍ ബാങ്കിന്റെ ആസ്തികള്‍ ശുഷ്കിക്കും. ഈ നഷ്ടം നികത്താന്‍ മൂലധനത്തില്‍ നിന്ന് പണം വകയിരുത്തേണ്ടിവരും. ഇത്തരത്തില്‍ മൂലധനം ചോരുമ്പോള്‍ ബാങ്കിന്റെ ഭാവിയെക്കുറിച്ചു ഇടപാടുകാര്‍ക്ക് സ്വാഭാവികമായും സംശയമുണ്ടാകും. അവരുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ ബാങ്കിനു പിന്നെ നിലനില്‍പ്പ് ഉണ്ടാകില്ല.
പലിശ നിരക്ക് ഉയര്‍ന്നാല്‍ ബോണ്ടിന്റെ വില എന്തിനു താഴണം? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ ബോണ്ട് എന്തെന്നു മനസിലാക്കണം. നിങ്ങളുടെ കൈയില്‍ വലിയ തുക ഉണ്ടെന്നിരിക്കട്ടെ. അത് കാശായി സൂക്ഷിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ചെലവാക്കാം. പക്ഷേ അതില്‍ നിന്നും വരുമാനമൊന്നും ഉണ്ടാവില്ല. ആ പണം ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്താല്‍ പലിശ കിട്ടും. പക്ഷേ, ഫിക്സഡ് ഡെപ്പോസിറ്റ് ആണെങ്കില്‍ കാലാവധി കഴിഞ്ഞേ പിന്‍വലിക്കാന്‍ കഴിയൂ. അതേസമയം ബോണ്ടിലാണ് പണം നിക്ഷേപിക്കുന്നത് എന്നിരിക്കട്ടെ. ഫിക്സഡ് ഡെപ്പോസിറ്റില്‍ എന്നപോലെ കൃത്യമായ പലിശ ലഭിക്കും. പക്ഷേ പണത്തിന് അത്യാവശ്യം വന്നാല്‍ ബോണ്ട് വിറ്റ് കാശാം. അങ്ങനെ ബോണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനു പ്രത്യേക കമ്പോളമുണ്ട്.
ഒരു ഉദാഹരണം പറയട്ടെ. തുടക്കത്തില്‍ ബോണ്ടിന്റെ കൂപ്പണ്‍ റേറ്റും പലിശ നിരക്കും 5 ശതമാനം വീതമാണ്. നിങ്ങള്‍ 10 ലക്ഷം രൂപ ബോണ്ടില്‍ നിക്ഷേപിച്ചെന്നും ഇരിക്കുക. പലിശനിരക്ക് 10 ശതമാനമായി ഉയര്‍ന്നാല്‍ എന്തു സംഭവിക്കും? ബോണ്ടിന്റെ പലിശ നിരക്കില്‍ മാറ്റമുണ്ടാവില്ല. അത് 5 ശതമാനമായി തുടരും. അപ്പോള്‍ ബോണ്ടുടമകള് അവരുടെ ബോണ്ട് വിറ്റ് ആ തുക ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുക. കാരണം അവിടെ 10 ശതമാനം പലിശ വരുമാനമായി കിട്ടൂ. ബോണ്ട് മാര്‍ക്കറ്റില്‍ ബോണ്ടിന്റെ വിലയിടിയും. ആസ്തികള്‍ ബോണ്ടില്‍ നിക്ഷേപിച്ച ബാങ്കുകളുടെ ആസ്തികളുടെ മൂല്യം ശോഷിക്കും. ബാങ്കിന്റെ മൂലധനം ഇതിനു നഷ്ടപരിഹാരമായി വകയിരുത്തേണ്ടിവരും. ബാങ്ക് മൂലധനം ഇടിയുമ്പോള്‍ ഇടപാടുകാര്‍ക്ക് ബാങ്കിലുള്ള വിശ്വാസം കുറയും.
സിലിക്കണ്‍ വാലി ബാങ്കിന്റെ ബോണ്ടുകളുടെ മൂല്യം ഇടിഞ്ഞത് അധികമാരും ആദ്യം തിരിച്ചറിഞ്ഞില്ല. എന്നാല്‍ തങ്ങളുടെ മൂലധത്തിലുണ്ടായ ശോഷണം പരിഹരിക്കാന്‍ അവര്‍ ഓഹരി പുതിയ കമ്പോളത്തില്‍ ഇറക്കിയപ്പോഴാണ് എല്ലാവരും ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് ചികഞ്ഞത്. അതോടെ കള്ളി വെളിച്ചത്തായി. എന്നെ ഒരു ദിവസംപോലും വേണ്ടിവന്നില്ല സിലിക്കണ്‍ വാലി ബാങ്കിനു തിരശ്ശീല വീഴാന്‍.
2008 വീണ്ടും ആവര്‍ത്തിക്കുമോ? പ്രയാസമാണ്. കാരണം ലോകത്തെമ്പാടുമുള്ള റിസര്‍വ്വ് ബാങ്കുകള്‍ അന്നത്തേക്കാള്‍ ജാഗ്രതയിലാണ്. ഇന്നലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയത് നല്കുന്ന സൂചന ബാങ്ക് തകര്‍ച്ച ഒരു പകര്‍ച്ചവ്യാധി ആകാതെ പ്രതിരോധിക്കാന്‍ കഴിയുമെന്ന അവരുടെ വിശ്വാസമാണ്.