എറണാകുളം: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി. മയക്കുവെടി വയ്ക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് അരിക്കൊമ്പൻ മിഷൻ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി തടഞ്ഞത്. മൃഗസംരക്ഷണ സംഘടനയുടെ ഹരജിയെ തുടർന്നാണ് നടപടി.
ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊന്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ആനയെ 29 വരെ മയക്കുവെടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊന്പനെ ട്രാക്ക് ചെയ്യുന്നതിനു വനം വകുപ്പിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി.
ആനയെ പിടികൂടുന്നതിനുമുൻപ് ബദൽ മാർഗങ്ങൾ തേടണമെന്നും ശാസ്ത്രീയ മാർഗത്തിലൂടെ വേണം ആനയെ പിടികൂടാനെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആനയെ ഉൾക്കാട്ടിൽ വിടണമെന്നും മൃഗസംരക്ഷണ സംഘടന ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ എന്തുകൊണ്ട് വനം വകുപ്പ് ഇക്കാര്യങ്ങൾ ചെയ്തില്ലെന്നും കോടതി ചോദിച്ചു.
ആനയെ പിടികൂടുക എന്നത് അവസാനത്തെ കാര്യമാണ്. അതിനുമുൻപ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാം. ആനയെ ട്രാക്ക് ചെയ്യാം. ഈ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് എന്തിന് ആനയെ മയക്കുവെടിവച്ച് പിടികൂടുക എന്നതിലേക്ക് കടന്നതെന്നും കോടതി ചോദിച്ചു.
മാർച്ച് 29ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതുവരെ ആനയെ നിരീക്ഷിക്കണം. പൊതുമുതൽ നശിപ്പിക്കുന്നത് തടയണമെന്നും ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.