വാഷിംഗ്ടൺ ഡിസി: അദാനി ഗ്രൂപ്പിനെ വട്ടംചുറ്റിച്ച അന്വേഷണ റിപ്പോർട്ടിന് പിന്നാലെ അമേരിക്കൻ പേമെന്റ് ആപ്പ് ‘ബ്ലോക്കി’നെപ്പറ്റിയുള്ള റിപ്പോർട്ട് പുറത്തുവിട്ട് ഹിൻഡൻബെർഗ് റിസേർച്ച് ഗ്രൂപ്പ്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.
കമ്പനിയുടെ ആകെയുള്ള ഉപയോക്ത അക്കൗണ്ടുകളിൽ 40 മുതൽ 75 ശതമാനം വരെ വ്യാജമോ തട്ടിപ്പുമായി ബന്ധമുള്ളതോ ആണെന്ന് ബ്ലോക്കിലെ മുൻ ജീവനക്കാർ വിവരം നൽകിയെന്നാണ് ഹിൻഡെൻബെർഗ് റിപ്പോർട്ട് പറയുന്നത്.
റിപ്പോർട്ട് പുറത്തുവന്നയുടൻ ബ്ലോക്കിന്റെ ഓഹരിവില 18 ശതമാനം ഇടിഞ്ഞു. റിപ്പോർട്ടിനെക്കുറിച്ച് ബ്ലോക്ക് ആപ്പ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.