തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്സിറ്റികള്‍ യഥാക്രമം കണ്ണൂര്‍, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റികള്‍ ആയിരിക്കും.
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചു. സയന്‍സ് പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു കെഎസ്ഐടിഎല്ലിനെ ചുമതലപ്പെടുത്തി.
ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്സ് – ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാനായ ഒമ്പത് അംഗ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു. സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയമിക്കും. അതിനുള്ള ചെലവുകള്‍ കിഫ്ബി ഫണ്ടില്‍ നിന്ന് നല്‍കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത് 4 സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.