തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിയെ തുടര്‍ന്ന് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന് (മാര്‍ച്ച് 23ന്) വെെകുന്നേരം വായ്മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കെപിസിസി ആഹ്വാനം ചെയ്തു.
കോടതി വിധി നിർഭാഗ്യകരമാണെന്നും പ്രഥമദൃഷ്ട്യ കാമ്പില്ലാത്ത വിധിയാണെന്നും കെ സുധാകരൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഭരണപക്ഷം ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പുനഃസംഘടന ഏപ്രിൽ 20 നുള്ളിൽ പൂർത്തിയാക്കും. എല്ലാവരെയും സഹകരിപ്പിക്കും. ബിഷപ്പിന്റെ പ്രസ്താവന കർഷകരുടെ വേദനയിൽ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ ആത്മാർത്ഥത കൊണ്ട് പറഞ്ഞ വാക്കുകളാണെന്നും സുധാകരൻ പറഞ്ഞു.