തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണമുണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാല്, ഇന്ന് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് പിന്നീട് വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. 210 പോസിറ്റീവ് കേസുകൾ ഇന്ന് രേഖപ്പെടുത്തി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിൽ കോവിഡ് രോഗികളിൽ നേരിയ വർദ്ധനവ് ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതൽ രോഗികൾ ഉള്ളത്. 1026 ആക്ടീവ് കേസുകളിൽ 111 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാനമാകെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ കൂട്ടും. നേരീയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കൂടുതൽ രോഗകളെത്തിയാലുള്ള അവസ്ഥ കണക്കാക്കി ഐസിയു, വെൻറിലേറ്ററുകൾ മുതലവായ ഒരുക്കും. വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസിന്റെ വകഭേദം വ്യാപിച്ചുട്ടുണ്ടോയെന്നറിയാൻ ജീനോമിക് പരിശോധന കൂടുതൽ നടത്താനും ഉന്നതതലയോഗത്തിൽ തീരുമാനമായി.
മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. കൂടുതൽ പരിശോധന നടത്തിയും വാക്സിനേഷൻ വ്യാപകമാക്കിയും രോഗികളുടെ എണ്ണം കുറക്കും എന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരും.