ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കോവിഡ് തയാറാടെപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഇന്നു വൈകിട്ട് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതല തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ടെസ്റ്റ്–ട്രാക്ക്–ട്രീറ്റ്–വാക്സിനേഷൻ, കോവിഡ് ഉചിത പെരുമാറ്റം എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മരുന്നുകള്‍ ഉൾപ്പെടെയുള്ളവയുടെ ലഭ്യത അധികൃതർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണമെന്നും ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീനോം സീക്വന്‍സിങ് അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണം. രാജ്യത്ത് ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും അദ്ദേഹം വിലയിരുത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഇന്ന് 1,134 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 7,026 ആയി ഉയർന്നു.
അഞ്ച് പുതിയ മരണങ്ങളോടെ മരണസംഖ്യ 5,30,813 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി 1.09 ശതമാനമായി രേഖപ്പെടുത്തി. പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനമാണ്. അതേസമയം പുതിയ സബ് വേരിയന്റായ എച്ച്3എൻ2 കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.