ബർലിൻ: ജർമൻ ദേശീയ ഫുട്ബോൾ കളിക്കാരനായിരുന്ന മെസ്യൂദ് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 34-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ. സമൂഹ മാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഓസിൽ വിവരം പങ്കുവെച്ചത്.
17 വർഷത്തോളം പ്രൊഫഷണൽ ഫുട്ബോൾ താരമാകാനായെന്നും ഈ അവസരത്തിന് താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരവധി അവിസ്മരണീയ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളുമുള്ള ആനന്ദകരമായ യാത്രയായിരുന്നു ഇതെന്നും അതിന് ഷാൽക്കെ 04, വെർഡർ ബ്രേമൻ ബ്രേമൻ, റിയൽ മാഡ്രിഡ്, ആഴ്സണൽ എഫ്.സി, ഫെനർബാഷ്, ബസക്സെഹിർ തുടങ്ങിയ ക്ലബുകൾക്ക് നന്ദി പറയുന്നുവെന്നും ഓസിൽ എഴുതി. പരിശീലകരും സഹതാരങ്ങളും ഏറെ പിന്തുണ നൽകിയെന്നും പറഞ്ഞു.
തന്റെ യാത്രയുടെ ഭാഗമായിരുന്ന കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു. സാഹചര്യങ്ങളും ക്ലബുകളും നോക്കാതെ തന്നെ സ്നേഹിച്ച ആരാധകരോടും നന്ദി പറഞ്ഞു. ഇനി തന്റെ ഭാര്യ ആമിനയുടെയും മക്കളായ എദയുടെയും ഏലയുടെയും കൂടെയുള്ള ജീവിതമാണ് മുമ്പിലുള്ളതെന്നും എന്നാൽ സമൂഹമാധ്യമങ്ങളിൽ താനുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
ആർസനൽ, റിയൽ മഡ്രിഡ് ക്ലബ്ബുകളിലും താരമായിരുന്നു അദ്ദേഹം. 2014ൽ ജർമനി ലോകകപ്പ് ഉയർത്തിയപ്പോൾ ടീമിൽ അംഗമായിരുന്നു. ജർമൻ ടീം വിജയിച്ച 92 മത്സരങ്ങളിൽ കളിക്കാരനായിരുന്നു. 2012ൽ സ്പാനിഷ് ലാലിഗ ഉൾപ്പെടെ ക്ലബ് മത്സരങ്ങളിൽ ഒൻപത് കപ്പുകളും നേടിയിട്ടുണ്ട്.