കൊച്ചി: അന്തരിച്ച മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന കെപി ദണ്ഡപാണിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണി വരെ മൃതദേഹം ഹൈക്കോടതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷമായിരിക്കും മൃതദേഹം കൈമാറുക.
അതേസമയം, കഴിഞ്ഞദിവസം കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 79 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരികെയാണ് മരണം സംഭവിച്ചത്.
രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചു.ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്ബനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു. 1968ലാണ് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തത്. തുടര്‍ന്ന് 1972 ല്‍ കൊച്ചിയില്‍ ദണ്ഡപാണി അസോസിയേറ്റ്സ് തുടങ്ങി. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 2006 ല്‍ സീനിയര്‍ അഭിഭാഷകന് എന്ന സ്ഥാനം നല്കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റാണ്.