വെല്ലിങ്ടൺ: ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കും വീണ്ടും സഹായഹസ്തവുമായി ന്യൂസിലൻഡ്. ഇരുരാജ്യങ്ങൾക്കുമായി നാല് മില്യൻ ന്യൂസിലൻഡ് ഡോളറിന്റെ(ഏകദേശം 20.45 കോടി രൂപ) ധനസഹായമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കിവീസ് വിദേശകാര്യ മന്ത്രി നനായ മഹുത പ്രസ്താവനയിലൂടെയാണ് പുതിയ സഹായം പ്രഖ്യാപിച്ചത്.
തുർക്കിക്കും സിറിയയ്ക്കുമുള്ള ന്യൂസിലൻഡിന്റെ മൂന്നാംഘട്ട സഹായമാണിത്. ന്യൂസിലൻഡുമായി ദീർഘകാലത്തെ സുദൃഢമായ ബന്ധമുള്ള തുർക്കിയിലെ നമ്മുടെ സഹോദരങ്ങൾ ഇത്രയും വലിയ തോതിൽ ദുരന്തബാധിതരാണെന്ന കാര്യം നമ്മെ വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
സിറിയയിലെ ഭൂകമ്പബാധിതർ നേരത്തെ തന്നെ തീർത്തും പരിതാപകരമായ ജീവിതാവസ്ഥയിലുള്ളവരാണ്. 12 വർഷമായി സംഘർഷത്തിനിടയിലാണ് അവർ ജീവിതം പുലർത്തുന്നതെന്നും മന്ത്രി മഹുത പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി ആറിനു പുലർച്ചെയാണ് തുർക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ തുടക്കം. റിക്ടർ സ്കെയിലിൽ 7.7, 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലും ഉത്തര സിറിയയിലും റിപ്പോർട്ട് ചെയ്തത്.