കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ രാജയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാന്‍ പട്ടിക ജാതിക്കാരന് അല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാര്‍ ഹര്‍ജി നല്‍കിയത്.
അതേസമയം, 2021 ല്‍ നടന്ന ദേവികുളം തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് എ.രാജ വിജയിച്ചത്. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ പിന്തള്ളിയാണ് സിപിഎം യുവനേതാവായ എ രാജയെ ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്.