എറണാകുളം : കായിക പാഠ്യപദ്ധതി സ്‌കൂള്‍ – കോളേജ് സിലബസുകളില്‍ ഉള്‍പ്പെടുത്തുന്നത് ഇന്നത്തെ തലമുറയില്‍ സ്വഭാവ രൂപീകരണത്തിനും ഉത്തരവാദിത്വ ബോധം ഉണ്ടാക്കുന്നതിനും സഹായിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സജി അലക്‌സ്.
കായിക മേഖലയില്‍ നേട്ടം കൊയ്യുന്നതിനും, ഉദ്യോഗ സംവരണാനുകൂല്യത്തിനും പുറമേ ആരോഗ്യ സംരക്ഷണത്തിനും ചിട്ടയായ ജീവിത ശൈലിക്കും വിദ്യാര്‍ത്ഥി – യുവജനങ്ങളെ കാര്‍ന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നുപയോഗത്തിനും തടയിടുവാന്‍ കായിക പരിശീലനം സഹായകമാകുമെന്നും കേരളാ കോണ്‍ഗ്രസ് (എം) രൂപീകരിക്കുന്ന കേരളാ കായിക വേദിയുടെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സജി അലക്‌സ് പറഞ്ഞു.
സംഘാടക കണ്‍വീനര്‍ ജയിംസ് മാത്യു വൈറ്റില അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പതിനാല് ജില്ലകളില്‍ നിന്നുമുള്ള കായിക മേഖലയിലെ പ്രവര്‍ത്തകരും താരങ്ങളും സംഘാടകരും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ഗോപിദാസ്, മുന്‍ ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ താരം സി. ബി സീന, മുന്‍ രഞ്ചി താരം നിസാം എന്നിവരെ യോഗം ആദരിച്ചു. ബാബു ജോസഫ്, ഡോ. എസ്. സിദ്ദിഖ്, അഡ്വ. ജോളി ജോണ്‍, മിഥുന്‍ ലാല്‍ മിത്ര, ബിജു നൈനാന്‍, സി. ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.