ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമമന്ത്രിയുമായി ഏറ്റുമുട്ടലിനില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. പോരായ്മകൾ ഉണ്ടെങ്കിലും കൊളീജിയം നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്, ബാഹ്യശക്തികളുടെ സമ്മർദങ്ങളിൽനിന്ന് അതിനെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന്റെ കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ന്യൂനപക്ഷ അംഗങ്ങളായ കൂടൂതൽ പേരെ ജൂഡീഷ്യറിയിലേക്ക് കൊണ്ടുവരണം. ഒരു ജഡ്ജിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുന്നുണ്ടെന്നും സുപ്രീംകോടതി വെബ്സൈറ്റിൽ കോളീജിയം യോഗങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാണെന്നും ചന്ദ്രചൂഢ് പറഞ്ഞു
ഇൻ്റലിജൻസ് റിപ്പോര്‍ട്ട് കൊളീജിയം കുറിപ്പിൽ പരസ്യപ്പെടുത്തിയെന്ന വിമര്‍ശനത്തിനും ഇന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. ജഡ്ജിയായി തെരഞ്ഞെടുക്കാൻ പേര് നൽകിയ വ്യക്തിയുടെ ലൈംഗീക ആഭിമുഖ്യത്തെക്കുറിച്ചുള്ള വിവരമാണ് കൊളീജിയം കുറിപ്പിൽ ഉൾപ്പെടുത്തിയതെന്നും അത് വ്യക്തിപരമായ വിവരമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കാഴ്ചപ്പാടുകളിൽ വ്യത്യസ്തത പുലർത്തുന്നതിൽ എന്താണ് തെറ്റ്? പക്ഷേ, ഇത്തരം വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഭരണഘടന ആധാരമാക്കി വിലയിരുത്താൻ മാത്രമേ എനിക്കു സാധിക്കൂ. കേന്ദ്ര നിയമമന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കക്ഷിചേരാൻ എനിക്കു താൽപര്യമില്ല. ഞങ്ങൾക്കിടയിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികം മാത്രം’ – ചീഫ് ജസ്റ്റിസ് പറഞ്ഞു.
നേരത്തെ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായി ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള പാർലമെന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.