മഡ്ഗാവ്: കലാശപ്പോരില്‍ ഷൂട്ടൗട്ടിൽ ബെംഗളൂരുവിനെ വീഴ്ത്തി ഐ.എസ്.എൽ കിരീടത്തില്‍ മുത്തമിട്ട് എ.ടി.കെ മോഹൻ ബഗാൻ. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് മോഹന്‍ ബഗാന്റെ വിജയം. ബെഗളൂരു രണ്ട് പെനാല്‍ട്ടികള്‍ പാഴാക്കിയതോടെ കിരീടത്തില്‍ എ.ടി.കെ മുത്തമിട്ടു. മത്സരത്തില്‍ എ.ടി.കെ ക്കായി ദിമിത്രി പെട്രാടോസ് രണ്ട് തവണ വലകുലുക്കി.
മത്സരത്തിന്റെ 14ാം മിനിറ്റില്‍ എ.ടി.കെ യാണ് ആദ്യം മുന്നിലെത്തിയത്. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനായി ഉയർന്ന് പൊങ്ങുന്നതിനിടെ ബെംഗളൂരു താരം റോയ് കൃഷ്ണയുടെ കയ്യിൽ പന്ത് കൊണ്ടതിനെ തുടർന്ന് റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു. ദിമിത്രി പെട്രാടോസ് വലകുലുക്കി. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൽ മാത്രം ബാക്കി നിൽക്കേ റോയ് കൃഷ്ണയെ പെനാൽട്ടി ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽട്ടി വിധിച്ചു. ഛേത്രി പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു.
മത്സരത്തിന്റെ 78ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് പെനാൽട്ടി ബോക്സിൽ ഉയർന്ന് പൊങ്ങി മനോഹരമായൊരു ഹെഡ്ഡറിലൂടെ റോയ് കൃഷ്ണ വലയിലാക്കി. എന്നാല്‍ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ മത്സരത്തിന്റെ 85ാം മിനിറ്റിൽ മൻവീർ സിങ്ങിനെ പെനാൽട്ടി ബോക്സിന് അകത്ത് വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി ദിമിത്രി പെട്രോട്ടേസ് വലയിലാക്കി കളി സമനിലയിലാക്കി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരുവിനായി അലന് കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവര്‍ വലകുലുക്കി. റമീറെസും പാബ്ലോ പെരെസും കിക്ക് പാഴാക്കിയതോടെ ഒരു കിക്ക് ബാക്കിനില്‍ക്കേ മോഹന്‍ ബഗാന് ചാമ്പ്യന്മാരായി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.