പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മാർച്ച് 30ന് കോടതി വിധി പറയും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് കേസിൽ വിധി പറയുന്നത്.
മാർച്ച് 10ന് കേസിന്റെ വിചാരണ പൂർത്തിയായിരുന്നു. കേസിൽ 16 പ്രതികളാണ് ഉള്ളത്. സാക്ഷികളുടെ തുടർച്ചയായ കൂറുമാറ്റം കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വിചാരണ തുടങ്ങുമ്പോൾ 122 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പിന്നീട് പ്രോസിക്യൂഷൻ അഞ്ച് സാക്ഷികളെ കൂടി ഉൾപ്പെടുത്തി. ഇതോടെ സാക്ഷികളുടെ എണ്ണം 127 ആയി.
ഇതിൽ 101 പേരെ മാത്രമാണ് വിസ്തരിച്ചത്. 77 സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയപ്പോൾ 24 പേർ കൂറുമാറുകയായിരുന്നു.