ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ വക്താവും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാല്‍ സിങ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാള്‍ പഞ്ചാബ് പോലീസിന്റെ വലയിലായത്. നേരത്തെ ഇയാളുടെ ആറ് അനുയായികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പിന്തുടർന്നെത്തിയ വൻ പൊലീസ് സന്നാഹത്തെ വെട്ടിച്ച് രക്ഷപ്പെടാൻ അമൃത്പാൽ ശ്രമിച്ചെങ്കിലും, നാകോദാറില്‍നിന്ന് നാടകീയമായി ഇയാളെ പിടികൂടുകയായിരുന്നു. ഏഴു ജില്ലകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അമൃത്പാലിനെ പിന്തുടര്ന്നതെന്നാണ് റിപ്പോര്‍ട്ട്.
അമൃത്പാലിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം നാളെ ഉച്ചവരെ റദ്ദാക്കിയിരുന്നു. അമൃത്സര്‍, ജലന്തർ എന്നിവിടങ്ങളില്‍ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിന്നത്. അമൃത്പാൽ സിങ്ങിന്റെ സന്ദർശനത്തെക്കുറിച്ചുള്ള മുൻകൂർ വിവരം ലഭിച്ചതിനാൽ പൊലീസ് എല്ലാ റോഡുകളും അടച്ച് ജലന്തറിലെ ഷാക്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ സ്വന്തം നാടായ അമൃത്സർ ജില്ലയിലെ ജല്ലുപുർ ഖൈറയ്ക്കു പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഗ്രാമം.
അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഒടുവില്‍ നീണ്ട പരിശ്രമത്തിനു ശേഷം നാകോദാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ക്രമസമാധാനം പാലിക്കണമെന്നും വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കരുതെന്നും. പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ട എന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
ഖാലിസ്ഥാന്‍ വാദിയായ ജെര്‍നെയില്‍ സിങ് ഭ്രിന്ദന്‍വാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാല്‍ സിങ് ഭ്രിന്ദന്‍വാല രണ്ടാമന് എന്നാണ് അറിയപ്പെട്ടിരുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാള്‍ നേതൃത്വം ഏറ്റെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്പാല്‍ സിങിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചിരുന്നു. നൂറുകണക്കിന് പേരാണ് തോക്കുകളും വാളുകളുമായി ബാരിക്കേഡുകള്‍ തകര്‍ത്ത് സ്റ്റേഷന്‍പരിസരത്തേക്ക് ഇരച്ചെത്തിയത്. യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേർ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന് ഉറപ്പു കിട്ടിയതിനു ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. അമൃത്പാലിനും അനുയായികൾക്കും എതിരെ വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. ഈ കേസിൽ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്.