സംസ്ഥാനത്ത് ശുദ്ധജലം വിതരണം ചെയ്തത് വഴി സർക്കാരിലേക്ക് ലഭിക്കാനുള്ളത് കോടികൾ. ജല അതോറിറ്റി വഴി വിതരണം ചെയ്ത പണം ഉപയോഗിച്ചുള്ള ശുദ്ധജലത്തിന്റെ പണം നൽകാനുള്ളതിൽ പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകളുണ്ട്. സർക്കാർ സ്വകാര്യ കമ്പനികളുടെ കുടിശികയുടെ ലിസ്റ്റ് പുറത്തുവിട്ടില്ല. അത് വിടാതെ തന്നെ പിരിഞ്ഞുകിട്ടാനുള്ളത് കോടികളാണ്. സംസ്ഥാനത്ത് വാട്ടർ ചാർജ് കുടിശിക വരുത്തിയ ഗാർഹികേതര–വ്യാവസായിക കണക്ഷനുകളുടെ പട്ടികയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഗാർഹികേതര– വ്യാവസായിക വിഭാഗത്തിലെ കുടിശിക (സർക്കാർ ഇതര കുടിശിക)118.79 കോടി രൂപയാണ്.
ശുദ്ധജലം ഉപയോഗിച്ചതിന് തിരുവനന്തപുരം കലക്ടറേറ്റിനു സമീപം താമസിക്കുന്ന വ്യക്തി കുടിശിക വരുത്തിയത് 2.15 കോടി രൂപയാണ്. ഇത് ഒരു വ്യക്തിയുടെ മാത്രം കണക്കാണ്. കോടികളുടെ കണക്ക് കേൾക്കുമ്പോൾ അതിലതിശയോക്തി തോന്നാം. എന്നാൽ കണക്ക് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് ജല അതോറിറ്റിയാണ്. അതേസമയം പത്ത് വർഷത്തിലേറെയായി കുടിശിക വരുത്തിയവരുടെ കണക്കാണ് പുറത്തുവിട്ടിട്ടുള്ളത് എന്നതിനാൽ കണക്ക് തെറ്റിയതാകാനുള്ള സാധ്യത കുറവാണ്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ രണ്ട് ഓഫീസുകളും കുടിശിക വരുത്തിയവരുടെ ലിസ്റ്റിൽ ഉണ്ട്. സിപിഎം ഓഫിസുകളിൽ വെള്ളം ഉപയോഗിച്ചതിന് ജല അതോറിറ്റിക്കു നൽകാനുള്ളത് 17.81 ലക്ഷം രൂപയാണ്. ഇടുക്കി വണ്ടിപ്പെരിയാർ മഞ്ചുമലയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറി (കൺസ്യൂമർ നമ്പർ വിപിആർ/118/എൻ) 12,47,163 ലക്ഷം രൂപയും കോട്ടയം സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് (കൺസ്യൂമർ നമ്പർ എം15/270എൻ) 5,33,907 രൂപയുമാണ് കുടിശിക ഇനത്തിൽ നൽകാനുള്ളത്.
ഇവയ്ക്കെല്ലാം പുറമെ, പ്രമുഖ ആശുപത്രികൾ, റിസോർട്ടുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, തടിമില്ലുകൾ തുടങ്ങിയവ നൽകേണ്ടത് പല ലക്ഷങ്ങളാണ്. ജല അതോറിറ്റി കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കുടിശിക വരുത്തിയ സ്ഥാപനങ്ങൾ ഉണ്ട്. ഇവയിൽ മിക്കതും നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനങ്ങളാണ്. ഇലക്ട്രിസിറ്റി ബില്ലും, ടാക്സും മറ്റും കൃത്യമായി അടക്കുന്ന സ്ഥാപനങ്ങൾ ജലത്തിന്റെ കാര്യത്തിൽ വർഷങ്ങളുടെ കുടിശിക വരുത്തിയിട്ടുണ്ടെങ്കിൽ അത് ജല വകുപ്പിന്റെ കൂടി വീഴ്ച്ചയാണ്.
ശുദ്ധജലം ഉപയോഗിച്ചതിന് കുടിശിക വരുത്തിയവരിൽ സർക്കാർ സ്ഥാപനങ്ങളും ഉണ്ട്. ജലവിഭവ മന്ത്രിയുടെ തന്നെ കീഴിലുള്ള ജലസേചന വിഭാഗത്തിന്റെ 89 ഓഫിസുകളാണ് പണം അടക്കാനുള്ളത്. ഈ 89 ഓഫീസുകൾ എല്ലാം കൂടി അടക്കാനുള്ളത് 70 ലക്ഷം രൂപയ്ക്ക് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ 70,53,975 രൂപയാണ് വകുപ്പ് മന്ത്രിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ നൽകാനുള്ളത്.
അതേസമയം, കുടിശിക വരുത്തിയ സ്വകാര്യ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ജല അതോറിറ്റി പുറത്തു വിട്ടിട്ടില്ല. 1956 ലെ കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത കമ്പനികളെ ജലഅതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്വെയറിൽ പ്രത്യേകമായി രേഖപ്പെടുത്താത്തതിനാലാണ് ഇതെന്നാണ് വിശദീകരണം. ആംനസ്റ്റി പദ്ധതി പ്രകാരം ഇളവ് അനുവദിച്ചിട്ടും ഗാർഹികേതര–വ്യാവസായിക ഉപയോക്താക്കളിൽ ഭൂരിഭാഗവും പണം അടച്ചിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു
സർക്കാർ ഇതര ഗാർഹികേതര– വ്യാവസായിക വിഭാഗത്തിലെ കുടിശിക മാത്രം 118.79 കോടി രൂപയാണ്. സർക്കാർ സ്ഥാപനങ്ങൾ കൂടി ഇതിലേക്ക് ചേർക്കുമ്പോൾ കോടികളുടെ എണ്ണം കൂടും. ഇതിന് പുറമെ സ്വകാര്യ കമ്പനികളുടെ വിവരങ്ങൾ കൂടി കൂട്ടിയാൽ കോടികൾ പല മടങ് വർധിക്കും എന്ന കാര്യം വ്യക്തമാണ്. എന്നാൽ കുടിശിക വരുത്തിയതിന് വ്യക്തികളെയും സ്ഥാപനങ്ങളെയും കമ്പനികളെയും മാത്രം പഴിച്ചിട്ട് കാര്യമില്ല. പണം കൃത്യമായി പിരിച്ചിരുന്നെങ്കിൽ ഇവർക്കൊന്നും ലക്ഷങ്ങളുടെയും കോടികളുടെയും ബാധ്യത വരില്ലായിരുന്നു. ജല വകുപ്പിന് കൃത്യമായി പണവും ലഭിച്ചേനെ. ഇവിടെ വകുപ്പ് തന്നെയാണ് വലിയ വീഴ്ച വരുത്തിയത്,