തിരുവനന്തപുരം: കേരള നിയമസഭയുടെ 2019ലെ ആര് ശങ്കരനാരയണന്‍ തമ്പി മാധ്യമ പുരസ്കാരത്തിന് മെട്രൊ വാര്‍ത്ത അസോസിയേറ്റ് എഡിറ്റര്‍ എംബി സന്തോഷ് അര്‍ഹനായി. ‘മലയാളത്തെ തോല്‍പ്പിക്കുന്ന മിടുക്കര്‍’ എന്ന ലേഖനത്തിനാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയും ശില്‍പ്പവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാര്‍ച്ച് 22ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും.
തുടര്‍ച്ചയായ മൂന്നാം തവണയും നിയമസഭാ മാധ്യമ പുരസ്കാരം കരസ്ഥമാക്കിയ എംബി സന്തോഷിന് സ്വദേശാഭിമാനി, എം.ശിവറാം, ഫാ. കൊളംബിയന്‍, എംആര്‍ മാധവ വാര്യര്‍, പാമ്പന്‍ മാധവന്, നരേന്ദ്രന് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. യുവ കലാസാഹിതി പുരസ്കാരം, പി.എ ഉത്തമന് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ‘പകരം’ ഉള്‍പ്പടെ 9 പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഒന്നാം മരണമാണ് ഒടുവില്‍ പുറത്തിറങ്ങിയ നോവല്‍. മംഗളം പത്രം, മംഗളം ടെലിവിഷന്‍, കേരളകൗമുദി, ഇന്ത്യാ വിഷന്‍, ഇന്ത്യാ പോസ്റ്റ് ലൈവ് ഉള്‍പ്പടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീരാഗത്തില്‍ പരേതനായ കെ.മാധവന് പിള്ളയുടെയും കെ.ബേബിയുടെയും മകനാണ്. ഗവ. മെഡിക്കല്‍ കോളേജില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ.പ്രലീമയാണ് ഭാര്യ. മക്കള്‍: എസ്പി ഭരത്, എസ്പി ഭഗത്